Sep 19, 2013

വിശപ്പ്

കട്ട് തിന്നാൻ ആദ്യപ്രേരണ വിശപ്പായിരുന്നു 
പക്ഷേ മാറിയത് വിഷപ്പല്ല, 
കോലമാണ് വിശപ്പിന്റെ.

പക്ഷെ വിശപ്പിന്റെ പ്രേരണക്കാരുടെ കോലമാണ് 
ഇനി ഞാൻ കത്തിച്ചുകളയേണ്ടത്??

മാംസതുണ്ടുകൾ

ഓരോ തിരകളും എന്റെ കാലുകളെ തഴുകുമ്പോൾ, 
അത്‌എല്ലാം നഷ്ട്ടപെട്ടവളോടുള്ള പുച്ചമോ
അതോ ചതിക്കപെട്ടവളോടുള്ള മാപ്പ് പറച്ചിലോ?

നീ മാത്രമായിരുന്നില്ല എന്നെ വേട്ടയാടിയത്
അവർ എഴുതിവെച്ചതും, പിന്നെ
ആർക്കോ എഴുതാൻ ബാക്കിവെച്ചതും.

അതുകൊണ്ടാണല്ലോ,
നീ പറഞ്ഞതും ഞാൻ പറയാൻ ബാക്കിവെച്ചതും
മാംസതുണ്ടുകൾ മാത്രമയിപോയത്.

Sep 13, 2013

സിനിമസ്വാധീനം

സിനിമാ മോഹവുമായി ഫിലിം ഇസ്റ്റിറ്റ്യുട്ടിൽ പോയ ഒരു നാട്ടുകാരന്റെ സംഭവമാണ് കഥ. അവന് സിനിമ കേവലം  ഒരു വിനോതമായിരുന്നില്ല അതിലെ പല മുഹൂർത്തങ്ങളും അതിശയമായിരുന്നു. അവന്റെ ചെറുപ്പകാലത്ത് ദൂരദർശനിൽ വരുന്ന സിനിമ കാണാൻ കൂട്ടുകാരന്റെ വീട്ടിൽ എല്ലാ ഞായറാഴ്ച്ചകളിലും നാലു മണിക്ക് അരമണികൂർ നേരത്തെ തന്നെ അവൻ എത്തുമായിരുന്നു. അന്ന് ഇന്നത്തെപോലെ ക്യാബ്ലോ ഡിഷോ ഒന്നും ഇല്ലായിരുന്നല്ലോ. കൂടുകാരൻ വീടിനുള്ളിലേക്ക് വിളിക്കുന്നതും കാത്ത് മുറ്റത്ത് ചുറ്റി പറ്റി  നിൽക്കറാണ് പതിവ്. തമാശകൾ അവനെ ചിരിപ്പിച്ചത് പോലെയല്ല സിനിമയിലെ ദുരന്തസംഭവങ്ങൽ അവനെ ആരും കാണാതെ കണ്ണുനീർ തുടപ്പിച്ചത്. കാലം പലത് കഴിഞ്ഞപ്പോൾ സിനിമ അവനെ അവനറിയാതെ നിയന്ത്രിക്കാനും തുടങ്ങി. അങ്ങനെ ഒരു ദിവസം അവൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവൾക്ക് അന്നത്തെ സിനിമ സ്റ്റൈലിൽ ഒരു പ്രണയലേഖനം എഴുതി. ഗതിമാറി അത് ചെന്നത്തിയത് ഉവ്വാ മാഷിന്റെ മേശപുറത്തായിരുന്നു. അത് വായിച്ച മാഷ് അവനെ വിളിച്ച് അഭിനന്തിച്ചു. "നീ പോയി പ്രണയിചോടാ ഉബൈദെ" എന്നൊരു കിടിലൻ ഡയലോഗും. അങ്ങനെ അവൻ അതൊരു ശീലമാക്കി. അവന്റെ കത്ത് കിട്ടാത്ത സുന്ദരികുട്ടികൾ സ്കൂളിൽ തന്നെ ഇല്ലായിരുന്നു. അങ്ങനെ കുറച്ച് കാലം കഴിഞ്ഞ് പ്ലുസ്റ്റുവിനു പഠിക്കുമ്പോൾ വേണുമാഷിന്റെ മോൾ വിദ്യക്കും കൊടുത്തു ഒരു കത്ത്. പക്ഷെ അതിൽ അവൻ അന്നുവരെ എഴുതാത്ത അക്ഷരങ്ങളാണ് എഴുതിയത്. അങ്ങനെ പുതിയ അക്ഷരങ്ങൾ പുതിയ ഭാഷകളായി അവർക്കിടയിൽ വളർന്നു. അവരുടെ അക്ഷര കൈമാറ്റം നാട്ടിൽ പാട്ടായി. നാട്ടുകാർക്ക്‌ അവർ മനുഷ്യരോ പ്രണയിനികളോ മാത്രമായിരുന്നില്ല മറിച്ച് രണ്ട് വ്യത്യസ്ഥ ദൈവത്തിന്റെ അടിമകളായിരുന്നു. അടിമക്ക് ഒരുസമയം ഒരു യചമാനനെ സേവിക്കാനേ പാടുള്ളൂ എന്നാണല്ലോ യചമാനതികാര ഭാഷ കൽപ്പിച്ചിട്ടുള്ളത്. അതികാര ഭാഷയും പ്രണയ ഭാഷയും തമ്മിൽ ചേരാത്തത് കാരണം മന്യനാം നാട്ടുകാർ  ഇവരുടെ പ്രണയ ഭാഷയെ എതിർത്തുകൊണ്ടിരുന്നു. പക്ഷെ അവരെ അകറ്റാൻ നാട്ടുകാരുടെ വേദങ്ങൾക്കോ പുരാണങ്ങൾക്കോ സാധിച്ചില്ല. കാരണം സിനിമസ്വാധീനം. പിന്നെയും കാലങ്ങൾ പലത് കഴിഞ്ഞ് അവൻ സിനിമാ മോഹവുമായി സിനിമ പഠിക്കാൻ പോയതാണ് പറയാനുദ്ദേശിച്ച സംഭവം. ആദ്യ ക്ലാസ്സിൽ മാഷ്  ചോദിച്ച ചോദ്യത്തിൽ നിന്നുമാണ് സംഭവം. "നിങ്ങളെ ഏറ്റവും കൂടുതൽ സ്വധീനിച്ച സിനിമ ഏതാണ്? ഒരറ്റത്ത് നിന്ന് കുട്ടികൾ പറയാൻ തുടങ്ങി. "സിറ്റിസൻ കെയ്ൻ"- "കാസാബ്ലാങ്ക"- "മോഡേണ്‍ ടൈംസ്"- "സൗണ്ട് ഓഫ് മ്യൂസിക്ക്"- "രാഷമോൻ"- "സക്രിഫെയസ്"- "ബാബേൽ", അവന്റെ ചാൻസ് എത്താറായി. അവൻ ആലോചികുകയിരുന്നു  അവനെ സ്വാധീനിച്ച സിനിമകളെ കുറിച്ച്, മനസ്സിൽ ഒരുപാട് സിനിമകൾ മിന്നൽ വേഗത്തിൽ വന്ന് പോയികൊണ്ടിരുന്നു. പെട്ടന്ന്, അവന്റെ അവസരമായിരുന്നു. എല്ലാ നിഷ്കളങ്കതയോടും കൂടി അവൻ പറഞ്ഞു- "ഹാപ്പി". ബാക്കി കുട്ടികളും പറഞ്ഞു തീർന്നപ്പോൾ മാഷ് ഉബൈദിനോടായി പറഞ്ഞു, "ഉബൈദ് പറഞ്ഞ സിനിമ ഒഴിച്ച് ബാക്കി എല്ലാ പേരുകളും ഞാൻ കേട്ടിട്ടെങ്കിലുമുണ്ട്, പക്ഷെ! ഹാപ്പി!? ആരുടെ സിനിമയാണ് "ഹാപ്പി"? ഉബൈദ് അന്തംവിട്ട് ആശ്ചര്യത്തോടെ- "മാഷ് ഏത് ലോകത്താണ് ജീവിക്കുന്നത്? അല്ലുവിന്റെ ഹാപ്പിയെ കുറിച്ച് കേട്ടിട്ടിലെന്നോ?!!
(വാൽകഷ്ണം: ഇതിലെ കഥാപാത്രങ്ങളുമായോ സംഭവങ്ങളുമായോ ആർകെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ സ്വാഭാവികം മാത്രം.)

Jul 26, 2013

ശീലം

ശീലിച്ചതു പറയാതെ
പറയാനുള്ളതു ശീലിക്കുക.
ശീലിച്ചതു ചെയ്യാതെ
ചെയ്യാനുള്ളതു ശീലിക്കുക.
പറഞ്ഞതു പറഞ്ഞും
ചെയ്തതു ചെയ്തും
ശീലിക്കുമ്പോൾ,
ശീലിക്കാതിരിക്കുക
പറഞ്ഞതും
ചെയ്തതും.

Jun 23, 2013

സ്വപ്നത്തിൽ നിന്നും

  ട്ടാള ബൂട്ടുകളുടെ താളം ബാക്ഗ്രൗണ്ടിൽ മെല്ലെ മാഞ്ഞുകൊണ്ടിരുന്നു. യുദ്ധമല്ല സമാധാനമാണ് വേണ്ടത് എന്നൊക്കെ പറയുമ്പോയും യുദ്ധങ്ങൾക്ക് പറയാൻ അവരുടെ വീര കഥകളും അത് ഏറ്റു പറയാൻ നമുക്കും ഒരു ഹരമുണ്ട്. അതുകൊണ്ടായിരിക്കാം സ്വതന്ത്രദിന പതാക ഉയർത്തിയതിനു ശേഷം ഹെഡ്മാഷ് നമ്മുടെ നാടിനു കാവൽ നില്കുന്ന ധീര ജവാന്മാരെ കുറിച്ചും നാടിനു സ്വാതന്ത്ര്യം വാങ്ങിത്തന്ന മഹാത്മാവിനെ കുറിച്ചും ആവേശത്തോടെ പ്രസംഗിച്ചത് . അതു കേട്ട് ഞാനും വിളിച്ചു ആവേശത്തോടെ "ഭരത് മാതാ കി ജയ് "! സ്കൂളിൽ എന്നും ജന ഗണ മന കഴിഞ്ഞു വിളികുന്നതാണ് പക്ഷെ അന്നൊന്നും തോന്നാത്ത ആവേശം ഇന്ന് തോന്നുന്നുണ്ട്. അല്ലെങ്കിലും സ്വതന്ത്രദിനത്തിലും റിപബ്ലിക്ക്‌ദിനത്തിലും ആവേശം കൊണ്ടില്ലെങ്കിൽ പിന്നെ ഞാൻ ഏതു കോത്താഴത്തെ ഇന്ത്യാകാരനാണ് ? ചുറ്റും എല്ലാവരും ഉറക്കെ വിളിക്കുന്നുണ്ട് :
"ഭരത് മാതാ കി ജയ് "
"ഭരത് മാതാ കി ജയ് "
"ഭരത് മാതാ കി ജയ് "
 മൊബൈൽ ഫോണിന്റെ റിംഗ്ടോണ്‍ കേട്ടാണ് ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നത് . ഫോണ്‍ എടുത്തില്ല.
 നാട്ടിൽ നിന്ന് ഉമ്മയാണ്‌., അല്ല വീട്ടിൽ നിന്ന് ഉമ്മയാണ്‌ വിളിച്ചത് .
 ഹോ! മണി ഒൻപത് കഴിഞ്ഞു, പത്തു മണി മുതലാണ്‌ ഇന്ന് ഡ്യുട്ടി ടൈം. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു രാവിലെ അഞ്ചു മണിക്ക് വന്നു കിടന്നതാണ്. ഇനി അടുത്ത ഡ്യൂട്ടി എയർപോർട്ടിലാണ്.
കാന്റീന്ന് സാൻവിച്ചും കോളയും വാങ്ങി കഴിച്ച് എയർപോർട്ടിൽ എത്തി.
ഇവിടെ എന്നും ആലോസരപെടുത്തുന്ന ശബ്ദമാണ് . ആർമി വിമാനങ്ങളുടെ ശബ്ദം ചെവിയെ ബാധിച്ചിരിക്കുന്നു കേട്ട് കേട്ട് മടുത്തു.
  ഇന്ത്യാ-ചൈന യുദ്ധം നടക്കുന്നത് കൊണ്ട് ഇവിടെ എല്ലാവരും ജാഗ്രതയോടെ സജ്ജരാണ് . എപ്പോ വേണമെങ്കിലും അങ്ങോട്ട്‌ പോകേണ്ടി വരാം.
നല്ല ദാഹം തോന്നുന്നുണ്ട് .
 മിനറൽ വാട്ടർ വാങ്ങി ദാഹം തീർത്ത് ക്ഷീണം മാറ്റാൻ ഓക്സിജെൻ കൌണ്ടറിൽ കേറി കുറച്ചു ഫ്രഷ്‌ എയർ കൊണ്ട് തിരിച്ചു നടക്കുമ്പോയാണ് ശ്രദ്ധിച്ചത് , ഗേറ്റ്നു സമീപമുണ്ടായിരുന്ന ആ സ്ഥലം മുടക്കി തെങ്ങ് വെട്ടിമാറ്റിയിരിക്കുന്നു.
 -സമാധാനമായി. ഇനി ഇതിലെ വാഹനങ്ങൾക്ക് സുഗമായി കടന്നുവരാം.
ഭരത് മാതാ കി ജയ്
ഭരത് മാതാ കി..., ഉമ്മയാണ്‌ വിളിക്കുന്നത് . രാവിലെ വിളിച്ചപ്പോ തിരിച്ചു വിളിക്കാൻ മറന്നുപോയി.
 ഉമ്മയെ വിളിച്ചു...
 അവർക്ക് അവിടെ വലിയ സുഖമൊന്നുമില്ല. എങ്ങനെ സുഖം തോന്നും?
 അവിടെ ഞങ്ങൾക്ക് വീട് മാത്രമേ ഉള്ളു, നാട് ഞങ്ങളുടേതല്ല. ഞങ്ങളുടെ നാട് ഇതായിരുന്നു, അല്ല ഇതാണ്. 'അന്ത്രോത്ത് ' ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്. ഇന്ന് ഇത് ഇന്ത്യൻ പട്ടാളക്കാരുടെ പരിശീലന ക്യാമ്പാണ് . രണ്ടു കൊല്ലം മുന്പ് ഇവർ എല്ലാ ദ്വീപുകളും പൂർണമായും ഏറ്റെടുത്തു. അതിനു കാരണം നാട്ടിലെ ചുട്ടു പോള്ളിക്കുന്ന ചൂടായിരുന്നു. ജനവാസം സാധ്യമല്ലാത്ത വിധം ചൂട് ദിവസംതോറും കൂടിവന്നു.
 ഭൂമിശാസ്ത്രപരമായി ഒട്ടപെട്ടതും, പട്ടികവിഭാഗത്തിൽ പെട്ട ദ്വീപു ജനവർഗ്ഗമായത്കൊണ്ടും ഞങ്ങളുടെ ഉന്നമനത്തിനു വേണ്ടി ചെലവിടാൻ കേന്ദ്ര ഖജനാവിൽ മൂലധനം കുറവായിരുന്നു എന്ന കാരണത്താൽ എല്ലാ ദ്വീപു നിവാസികളെയും കേരളക്കരയിലെ പലപല സ്ഥലങ്ങളിലായി പുനരതിവസിപ്പിക്കാൻ തീരുമാനിച്ചു.
 അന്ന് ഞങ്ങൾ എല്ലാവരും വളരെ സന്തോഷിച്ചിരുന്നു, കാരണം കേരളക്കരയിലെ ആർഭാട ജീവിതം എല്ലാവരെയും ആകർഷിച്ചിരുന്നു. അന്നത്തെ തൊഴിലില്ലാത്ത എല്ലാ ആരോഗ്യവാന്മാരായ ചെറുപ്പകാർക്കും പട്ടാളത്തിൽ ജോലിയും തന്നു. അതും ദ്വീപുകളിൽത്തന്നെ നിയമനം. എല്ലാ കുടുംബക്കാർക്കും കേരളക്കരയിൽ വീടും, ജോലിക്കാർക്കെല്ലാം തുല്യ ജോലിയും അതിനുപുറമേ പണവും പിന്നെ മറ്റെന്തൊക്കെയോ തന്ന് എല്ലാവരെയും സന്തോഷിപിച്ചു നാട് കടത്തി. 
പക്ഷെ, അവിടെ ചെന്നതിനു ശേഷമാണു കാര്യങ്ങൾ അത്ര സന്തോഷകരമല്ലന്ന്  മനസിലായത്. കേരളത്തിലേ വിവിധ മലയോര പ്രദേശങ്ങളിലാണ്‌ എല്ലാവരെയും പുനരതിവസിപ്പിച്ചത്. അന്ന് നേതാക്കൻമാരെ ഒന്നും അവിടെ കണ്ടില്ല, അവർ മറ്റെങ്ങോട്ടോ മാറി. അന്നാണ് മനസിലായത് കൊച്ചിയും കൊഴികോടുമല്ലാത്ത വേറൊരു കേരളം കേരളത്തിലുണ്ടെന്ന യാഥാർത്ഥ്യം.
 തിരിച്ച് നാട്ടിലേക്കിനി ഒരിക്കലും മടങ്ങാൻ കഴിയില്ലെന്ന സത്യം ഉൾകൊണ്ട് ബാല്യവും യവ്വനവും വർധക്യവും ഇനിയൊരിക്കലും ഞങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണിലുണ്ടാവില്ല എന്ന തിരിച്ചറിവോടെ പുതുതായി പഴയ ജീവിതം ജീവിച്ചുതീർക്കാൻ അവർ അവിടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
 പെട്ടന്നരോ തട്ടി വിളിച്ചു. പേടിച്ചാണ് കണ്ണ് തുറന്നത്. ഞാൻ എവിടെയാണെന്ന് മനസിലായില്ല. കണ്ട സ്വപ്നം എന്നെ വല്ലാതെ അലട്ടികൊണ്ടിരുന്നു. എനിക്ക് ഓടാനാണ് തോന്നിയത്. ഞാൻ ഒരുപാടു ഓടി. തിരിഞ്ഞുനോക്കിയപ്പോൾ പുറകിൽ  ഒരുപാടുപേർ ഓടുന്നുണ്ടായിരുന്നു. അവർ എന്തിനായിരിക്കും ഓടുന്നത്? എന്നെ പിടിക്കാൻ പുറകെ ഓടുന്നതായിരിക്കുമോ? എന്തായാലും ഞാൻ ഓട്ടം നിർത്താൻ ഉദ്ദേശിക്കുന്നില്ല...