Mar 6, 2013

കാത്തിരിക്കുക...

ആരോ വരുന്നുണ്ട് കാത്തിരിക്കുക...
വരാതിരികില്ല കാത്തിരിക്കുക...
കുറച്ചുകൂടി കാത്തിരിക്കുക...




ഇന്നലെ യുനിവേര്‍സിറ്റി പരീക്ഷ ഭവനില്‍ വച്ച്  നാട്ടില്‍ നിന്നും വന്ന ഒരു സുഹൃത്തിനെ കാണാനിടയായി. കേരളത്തില്‍ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാര്‍ത്തികള്‍ക്ക് പരസ്പരം പറഞ്ഞു സമയം കളയാന്‍ പറ്റുന്ന നല്ലൊരു വിഷയം ലക്ഷദ്വീപ് സമൂഹം പല മേഘലകളിലായി നേരിടുന്ന പ്രശ്നങ്ങളാണ്. നമുക്ക് ചുറ്റും എന്തൊക്കെയോ പാടില്ലാത്തത് നടക്കുന്നുണ്ടെന്ന  കാര്യം നമ്മള്‍ ശ്രദ്ധിക്കുന്നു എന്നതിന്‍റെ സൂച്ചനയായിരിക്കാം അത്. ചരിത്രപരമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാര്യവും കൂടിയാണ് ഇത്. ഭാവി ജീവിതത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതും, അതുമായി ബെന്തപെട്ടു പല കാര്യങ്ങളും വിദ്യാര്‍ത്തികളെ അലട്ടുകയും അസ്വസ്ഥതരാക്കുകയും ചെയ്യുന്ന കാലവുമാണ്. അതുകൊണ്ടായിരിക്കാം യുനിവേര്‍സിറ്റി കാന്‍റീനില്‍ കട്ടന്‍ ചായ കുടിക്കാനിരുന്ന ഞങ്ങളുടേതും വിഷയം ഞങ്ങളുടെ, നമ്മുടെ, ലക്ഷദ്വീപിന്‍റെ പ്രശ്നങ്ങളായിരുന്നു.

എന്‍റെ സുഹൃത്ത് പറഞ്ഞു തുടങ്ങിയത് ഭരണ വര്‍ഗ്ഗത്തിന്‍റെ താല്‍പര്യങ്ങളെ കുറിച്ചായിരുന്നു. അവര്‍ ആരെയോഒക്കെ കാത്തിരിക്കുകയാണ്‌ പുതിയ നിയമനങ്ങള്‍ നടത്താന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. രേഖകളില്‍ കാണിക്കാന്‍ അവര്‍ക്ക് എന്തൊക്കെയോ ഉണ്ട്. പ്രത്യക്ഷത്തില്‍ അതൊന്നും പൂര്‍ണമല്ല എന്നതാണ് സത്യം. വാഗ്ദാനങ്ങള്‍ തീരുന്നില്ല, തുടരുകയാണ്, നാളെ സൂര്യന്‍ ഉതിക്കുന്നതിനു മുന്‍പ് എല്ലാം ശരിയാവും. പക്ഷെ ഇവിടെ സൂര്യന്‍ മാത്രം ഉതിക്കാറില്ല.

ഇന്ന് രോഗങ്ങള്‍ കൂടുതലാണ്, ഇന്നത്തെ ജീവിത രീതിയാണ്‌ ഇതിനു കാരണം എന്നതും കണ്ടെത്തികയിഞ്ഞു. ഇയൊരു ജീവിത രീതിക്കു കാരണം ജനങ്ങളാണോ അതോ "ജനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി തിരെഞ്ഞെടുക്കപെട്ട" ജനങ്ങളുടെ നവലിബറല്‍ സമ്പ്രദായമാണോ? എന്തുമാവട്ടെ! ലക്ഷദ്വീപിലെ രോഗികള്‍ ഇന്നും അവരുടെ രോഗം എന്താണെന്നു കണ്ടുപിടിക്കാന്‍ കപ്പല് കയറുകയാണ് കൊച്ചിയിലേക്കും കോഴിക്കോട്ടെക്കും. പ്രസവിച്ചു കിട്ടാന്‍ വേണ്ടി പലരും അഗത്തിയിലേക്കും അവിടുന്ന് വന്‍കരയിലെക്കും പറക്കുകയാണ്. പറന്നാലെന്താ, പൈസ ചെലവായാല്‍ എന്താ പ്രസവിച്ചല്ലോ. സമാധാനം!! ഇനി അടുത്ത പ്രസവത്തിനു പറന്നാല്‍ മതിയല്ലൊ. ഇനിയും പറക്കുകയാണ്. അടിച്ചേല്‍പ്പിച്ച വേഷം കെട്ടി ആടുകയാണ് ഓരോ ദ്വീപുകാരനും. രോഗികള്‍ക്ക് വേണ്ട ശിശ്രൂഷ കൊടുക്കുന്ന നൂതനമായ സാങ്കേതിക വിദ്യകള്‍ വാഗ്ദാനങ്ങളിലല്ലാതെ ആശുപത്രികളില്‍ കാണുന്നില്ല.

മിനികോയ്, കവരത്തി, അഗത്തി ദ്വീപുകളില്‍ ഹൊസ്പിറ്റലുകളും ബാക്കി ദ്വീപുകളില്‍ മെഡിക്കല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്‍റെര്‍കളുമാണ് ഉള്ളത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഓരോ ദ്വീപിലും സ്ഥിരമായി നിയമിച്ച ഡോക്ടര്‍മാരുടെ എണ്ണം മൂന്നില്‍ കുറവാണ്. കവരത്തി മിനികോയ് ഹൊസ്പിറ്റലുകളില്‍ സ്ഥിരം ഡോക്ടര്‍മാരുടെ(സ്ഥിരമായി വരാറുണ്ടോ എന്നറിയില്ല!) എണ്ണം അഞ്ചില്‍ കുറവുമാണ്. എന്നാല്‍ താത്കാലിക ഡോക്ടര്‍മാരുടെ എണ്ണം ഒരുവിധം എല്ലാ ദ്വീപിലും നാലില്‍ കൂടുതലുമാണ്. വര്‍ഷവും പത്തില്‍ പരം വിദ്യാര്‍ത്തികളെ ഇന്ത്യയിലെ പല മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കുന്നത് താല്‍കാലികമായി ജോലി ചെയ്യിപ്പിക്കാന്‍ വേണ്ടി ആയിരുന്നോ? കൂടുതല്‍ ഡോക്ടര്‍മാരെ സ്ഥിരമായി  നിയമിക്കുകയും അവരിലൂടെ നൂതന സാങ്കേതിക വിദ്യകള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്താല്‍ അവര്‍ക്ക് വല്യ ഒരു പരിതിവരെ ലക്ഷദ്വീപിലെ ജനങ്ങളുടെ രോഗ വിവരങ്ങളും അവര്‍ക്ക് വേണ്ട ശിശ്രൂഷകളും നല്‍കാന്‍ പറ്റുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍ നമ്മുടെ ഭരണ വര്‍ഗം ആരോഗ്യ മേഘലയില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ആരെയെങ്കിലും കാത്തിരിക്കുകയാണോ? എങ്കില്‍ ആരെയാണ് കാത്തിരിക്കുന്നത്?

ലക്ഷദ്വീപിലെ വലിയൊരു വിഭാഗം വിദ്ധ്യാര്‍ത്ഥികളും B.A, B.Sc, M.A, M.Sc, B.Ed, T.T.C എന്നിവ ഏതെങ്കിലും വിഷയങ്ങളില്‍ ബിരുതം പൂര്‍ത്തിയാക്കിയവരാണ്. വ്യക്തമായ കണക്കെടുക്കാന്‍ പറ്റാത്തത്രയും അദ്ധ്യപകര്‍ താല്‍കാലിക തസ്തികകളില്‍ എല്ലാ ദ്വീപിലെയും പല സ്കൂളുകളിലായി ജോലി ചെയ്യുന്നുണ്ട്. ഈയൊരു പ്രവണതയും പണ്ടുമുതലേ കണ്ടു വരുന്നതാണ്. അവര്‍ക്ക് പിന്നീട് സംഭവിച്ചതും നമുക്കറിയാം. പുതിയ മാര്‍കിംഗ് സ്ക്കീം പ്രകാരം പഠിച്ചു കൂടുതല്‍ മാര്‍ക്കോടെ വന്നവര്‍ പഴയവരുടെ സ്ഥാനം പിടിച്ചെടുത്ത് അവരെക്കാള്‍ മാര്‍ക്ക്‌ ഉള്ളവര്‍ വരുന്നത് വരെ താത്കാലിക ജോലിയില്‍ സന്തോഷിക്കുകയും പിന്നീടു ദുഖിക്കേണ്ടതുമായ അവസ്ഥ. എന്തുകൊണ്ടാണ് ഇത്രയും പേരെ താല്‍കാലികമായി മാത്രം ജോലി ചെയ്യിപ്പിക്കുന്നത്? എന്ജിനിയറിങ് കയിഞ്ഞവര്‍ ഇന്ഫോര്‍മേഷന്‍ സെന്‍റെില്‍ താല്‍കാലികമായി ജോലി ചെയ്യുകയാണ്. മറ്റെല്ലാ ജോലി മേഖലകളിലെയും അവസ്ഥ ഏതാണ്ട് സമമാണ്.   ബിരുതം കയിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും അവര്‍ക്ക് യോചിച്ച ജോലി സാഹചര്യം ഉണ്ടാക്കാന്‍ ഭരണവര്‍ഗം എന്തുകൊണ്ടാണ് മടിക്കുന്നത്? സാമ്പത്തിക മാന്ദ്യം അല്ലെങ്കില്‍ ഖജനാവ്‌ കലിയാണ് എന്നൊക്കെയാണ് ഉത്തരമെങ്കില്‍ ആ സമ്പത്ത് അല്ലെങ്കില്‍ പണം ഏതു ബാങ്കിലാണെന്നും അല്ലെങ്കില്‍ ആരുടെ പോക്കറ്റിലാണെന്നും ഭരണ വര്‍ഗം പറയേണ്ടി വരും. അല്ല, ഇനി നിങ്ങള്‍ ആരെയെങ്കിലും കാത്തിരിക്കുകയാണെങ്കില്‍ ആരെയാണ് കാത്തിരിക്കുന്നത്?

ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മള്‍ ജനങ്ങളും ആരെയൊക്കെയോ കാത്തിരിക്കുകയാണ്‌. ആരോ നമുക്കു വേണ്ടി എല്ലാം ശരിയാക്കും എന്ന അബദ്ധ ധാരണയില്‍ നമ്മളും കാത്തിരിക്കുകയാണ്‌. അങ്ങനെ കട്ടന്‍ ചായ കുടിച്ചു കാത്തിരിക്കുമ്പോളാണ് ശ്രദ്ധിച്ചത്., കാന്‍റീന്‍റെ ചുവരിലെ എഴുത്ത്: "and a few moments to think, work, talk, create, and escape".

No comments: